കൊട്ടാരക്കര: കരീപ്ര പഞ്ചായത്തിലെ സ്വീകരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ഥി അയിഷ പോറ്റിക്കെതിരേ അസഭ്യ വര്‍ഷം നടത്തുകയും സ്വീകരണം തടസപ്പെടുത്തുകയും ചെയ്ത സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു.
കുഴിമതിക്കാട് സ്വദേശി പ്രസാദ്, ചൂരപൊയ്ക സ്വദേശി സതീഷ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.
അയിഷ പോറ്റിയുടെ സ്വീകരണപര്യടനം കരീപ്ര ചൂരപ്പൊയ്കയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇരുവരും അയിഷ പോറ്റിയുടെ വാഹനം തടയാന്‍ ശ്രമിക്കുകയും അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു. വഞ്ചന കാട്ടിയതല്ലേ എന്ന് ചോദിച്ചായിരുന്നു പ്രവര്‍ത്തകര്‍ അയിഷ പോറ്റിക്കുനേരെ തിരിഞ്ഞത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് എഴുകോണ്‍ പോലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകള്‍ ഇരുവര്‍ക്കുമെതിരേ ചുമത്തിയിട്ടുണ്ട്.